
വ്യത്യസ്‌ത വേഷങ്ങളിലൂടെ തെന്നിന്ത്യയുടെ അഭ്രപാളികളില്‍ നിറഞ്ഞു നിന്നിരുന്ന പ്രശസ്ത നടന്‍ രാജന്‍ പി. ദേവ്(58) അന്തരിച്ചു. ബുധനാഴ്‌ച പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആസ്‌പത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ അഭിനയിച്ചു. 150 ലേറെ സിനിമകളില്‍ വേഷമിട്ട രാജന്‍.പി അവസാനമായി അഭിനയിച്ചത് 'പട്ടണത്തില്‍ ഭൂതം' എന്ന സിനിമയിലായിരുന്നു. 'സഞ്ചാരി'യലൂടെയാണ് സിനിമയിലേക്ക് എത്തിയത്.എന്‍.എന്‍. പിള്ളയുടേയും എസ്.എല്‍.പുരത്തിന്റെയും നാടകങ്ങളിലൂടെ അഭിനയരംഗത്ത് തിളങ്ങിയ രാജന്‍.പി 'ഇന്ദ്രജാലം' എന്ന സിനിമയിലെ കാര്‍ലോസ് എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ് സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സോമസൂര്യയുടെ കാട്ടുകുതിര എന്ന നാടകമാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന് വഴിത്തിരിവായത്. 'അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍',മണിയറക്കള്ളന്‍(പുറത്തിറങ്ങിയില്ല) 'അച്ഛന്റെ കൊച്ചുമോള്‍ക്ക്' എന്നീ മൂന്നു സിനിമകളും അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്. ശാന്തമ്മയാണ് ഭാര്യ. മക്കള്‍: ആഷമ്മ, ജിബിള്‍ രാജ്, ഉണ്ണിരാജ് .