--------------------------------------------------------------- 1 യൂറോ = 61.85രൂപ..മലയാള സിനിമ ചട്ടമ്പിനാട് 21, 22 പകൽ 11 ന് സ്റ്റില്ലൊർഗൻ ഒർലാന്റൊയിൽ.. .



Reading Problem..??..
Most of the posts in this blog are in malayalam language. To read them, you need to install any malayalam unicode fonts (Eg. AnjaliOldLipi). Also you can download Varamozhy which is a set of software that enable your computer to read and write in Malayalam. To Download VARAMOZHY Click Here

2010, മാർച്ച് 18, വ്യാഴാഴ്‌ച

ചട്ടമ്പിനാട് ഡബ്ലിനിൽ


മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ചട്ടമ്പിനാട് ഈ മാസം 21, 22 (ശനി, ഞായർ ) തീയതികളിൽ പകൽ 11 മണിക്ക് ഡബ്ലിനിലെ സ്റ്റില്ലോർഗൻ ഒർമാന്റോ തീയറ്ററിൽ പ്രദർശിപ്പിക്കുന്നു. പ്ലേഹൌസിന്റെ ബാനറിൽ ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാടിന്റെ കഥ, തിരക്കഥ, സംഭാഷണം ബെന്നി പി നായരമ്പലം. സൂപ്പർഹിറ്റ് ഗാനങ്ങൾ അലക്സ് പോൾ ചിട്ടപ്പെടുത്തിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ള നിർവ്വഹിച്ചിരിക്കുന്നു. വീരേന്ദ്ര മല്ലയ എന്ന ശക്തമായ കഥാപാത്രത്തെ കന്നട കലർന്ന മലയാള സംഭാഷണത്തിലൂടെ മമ്മൂട്ടി ഗംഭീരമാക്കിയിരിക്കുന്ന ചട്ടമ്പിനാടിൽ സിദ്ദിക്ക്, മനോജ് കെ ജയൻ, സുരാജ് വെഞ്ഞാറമൂട്, സലിം കുമാർ, ജനാർദ്ദനൻ, വിനു മോഹൻ, ലക്ഷ്മി റായ്, മൈഥിലി എന്നിവരും അണിനിരക്കുന്നു. മനോഹരമായ ലൊക്കേഷനും, ആക്ഷൻ രംഗങ്ങളും, സുരാജ് - സലിംകുമാർ ടീമിന്റെ സൂപ്പർ കോമഡിയും നിറഞ്ഞ ചട്ടമ്പിനാട് കേരളത്തിൽ വമ്പൻ ഹിറ്റായ ചിത്രമാണ്. വേൾഡ് മലയാളി കൌൺസിൽ അയർലണ്ട് പ്രോവിൻസ് മലയാളി പ്രേക്ഷകർക്കായി എത്തിക്കുന്ന ചട്ടമ്പിനാടിന്റെ ടിക്കറ്റിനായി 08705577833 നമ്പരിൽ         ബന്ധപ്പെടുക. കുട്ടികൾക്ക് പ്രവേശനം സൗജന്യം.

2010, മാർച്ച് 9, ചൊവ്വാഴ്ച

ലോകത്തിന്റെ സ്പന്ദനം മലയാള സിനിമയിലോ..?


സ്ഫടികം സിനിമയിലെ ചാക്കോമാഷിലൂടെ ലോകസിനിമയുടെ സ്പന്ദനം തന്നെ മലയാള സിനിമയാണെന്ന് തെളിയിച്ചുതന്ന അഭിനയസാമ്രാട്ട് തിലകനും മലയാളിമനസ്സുകളിലെ നായക സങ്കല്പങ്ങളിൽ അഭിനയകലയുടെ മുദ്രപതിപ്പിച്ച മമ്മൂട്ടിയും മോഹൻലാലുമുൾപ്പെടെയുള്ള മറ്റു നടന്മാരും സാങ്കേതിക വിദഗ്ദ്ധന്മാരും തമ്മിലുള്ള പടലപ്പിണക്കങ്ങൾ കുറച്ചൊന്നുമല്ല സിനിമാസ്വാദകരെ മുറിവേല്പിച്ചിരിക്കുന്നത്. വ്യക്തികളേക്കാൾ അവരഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങളെ നെഞ്ചോടേറ്റുകയും അതിലൂടെ നടന്മാരിലെ വ്യക്തികളെ സ്നേഹിക്കുയും ലാളിക്കുകയും ചെയ്ത മലയാളി പ്രേക്ഷകർ ഈ നടന്മാരുടെ സിനിമകളിൽ എല്ലാവരാലും വെറുക്കപ്പെടുന്ന വില്ലന്മാരേക്കാൾ നിലവാരം കുറഞ്ഞ പ്രകടനങ്ങൾ മാധ്യമങ്ങളിലൂടെ കണ്ട് അന്താളിച്ചിരിക്കുകയാണിപ്പോൾ.

കിരീടം, പെരുന്തച്ചൻ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക് അവിസ്മരണീയ അഭിനയത്തിലൂടെ ജീവൻ നൽകിയ തിലകൻ അഭിനയ സാമ്രാട്ടുതന്നെ എന്ന കാര്യത്തിൽ ഒരു തർക്കത്തിന്റെ ആവശ്യമുയരുന്നില്ല.എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ എന്തൊക്കെയോ കാരണങ്ങളാൽ ഈ നടന്റെ കരുത്തുറ്റ കഥാപാത്രങ്ങളെ നമുക്ക് വെള്ളിത്തിരയിൽ അപൂർവമായിട്ടേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. മറ്റു പല നടന്മാരും കഷ്ടപ്പെട്ടഭിനയിച്ച് നശിപ്പിക്കപ്പെട്ട കഥാപാത്രങ്ങളിൽ പലതും തിലകൻ ചെയ്തിരുന്നെങ്കിൽ എന്നോർത്ത് ദു:ഖിച്ചിട്ടുണ്ട് പാവം പ്രേക്ഷകർ. എന്നിട്ടും തിലകനുമാത്രം ചെയ്തുഫലിപ്പിക്കാൻ കഴിയുന്ന വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തിയില്ല. സ്വയം ബുദ്ധിജീവികളെന്ന് വിശേഷിപ്പിക്കുന്ന സാങ്കേതിക വിദഗ്ദ്ധർ ഇത്തരം കഥാപാത്രങ്ങൾക്കായി തിലകനെ അന്യേക്ഷിച്ചെത്തിയുമില്ല. നഷ്ടം പ്രേക്ഷകർക്കും തിലകനും മാത്രമെന്ന അവസ്ഥവരെയെത്തി. ഇവിടെയും തീർന്നില്ല കാര്യങ്ങൽ, അദ്ദേഹത്തിനു വേണ്ടി മെനഞ്ഞ കഥാപാത്രങ്ങൾ മറ്റുപല നടന്മാരുമഭിനയിച്ച് നനഞ്ഞതാക്കിയതും കാണേണ്ടിവന്നു പാവം പ്രേക്ഷകന്.

സത്യനുശേഷം സ്വാഭാവികാഭിനയത്തിന്റെ മികവിൽ മലയാളമനസ്സുകൾ കീഴടക്കിയ മമ്മൂട്ടിയും മോഹൻലാലും  സിനിമയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകൾ എക്കാലവും ഓർമ്മിക്കപ്പെടുന്നതാണ്. മലയാള സിനിമയ്ക്ക് ഇന്ത്യൻ സിനിമയിലെന്നല്ല ലോകസിനിമാ മാർക്കറ്റിൽ പോലും പേരെടുക്കാനുതകുംവിധം ഉയരുവാൻ മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും അഭിനയശേഷിയും അർപ്പണബോധവും വളരെയധികം സഹായകമായിട്ടുണ്ട്. കാൽ നൂറ്റാണ്ടിലേറെയായി ഈ മഹാരഥന്മാരെ ചുറ്റിപ്പറ്റിയാണ് മലയാളസിനിമ വളർന്നുകൊണ്ടിരിക്കുന്നതെന്നത് ചരിത്രസത്യം തന്നെ.  ജി അരവിന്ദൻ,അടൂർ, ഷാജി എൻ കരുൺ തുടങ്ങിയ പ്രഗൽഭന്മാർ ഈ നടന്മാരെയുൾ‌പ്പെടുത്തി ചിത്രങ്ങളെടുത്തത് ഇവരുടെ കഴിവിനുള്ള അംഗീകാരം തന്നെ. മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇവരോടുള്ള സ്നേഹവും അരാധനയും അതിർവരമ്പുകളില്ലാത്തതുമാണ്. ദേശീയവും വിദേശീയവുമായ അനവധി അവാർഡുകളും ഇവരെത്തേടിയെത്തിയിട്ടുണ്ട്. കിരീടം, കൌരവർ തുടങ്ങിയ ചിത്രങ്ങളിൽ തിലകനോടൊപ്പം ഇവർ മത്സരിച്ചഭിനയിച്ച രംഗങ്ങൾ പ്രേക്ഷക മനസ്സുകളിൽനിന്ന് ഒരിക്കലും മായാത്തവതന്നെ.

ഈ നടന്മാരും, സാങ്കേതിക വിദഗ്ദ്ധരും അതിനെല്ലാമുപരി സാംസ്ക്കാരികനായകന്മാരും തമ്മിലുള്ള തർക്കങ്ങളും ചാനൽ യുദ്ധങ്ങളും കവല പ്രസംഗങ്ങളും ഇവർ അഭിനയിച്ച പല സിനിമകളേക്കാൾ അരോചകമായ അവസ്ഥയിലെത്തിയിരിക്കുന്നു. നല്ല സിനിമകളിലൂടെ പ്രേക്ഷകരെ ആനന്ദിപ്പിക്കേണ്ടവർ തങ്ങളുടെ കർത്തവ്യം മറന്ന് നാലാംകിട വില്ലന്മാരുടെ പോലെ തെരുവ് യുദ്ധത്തിലേർപ്പെടുന്നത് കാണുമ്പോൾ കലാകാരന്മാരും സാംസ്ക്കാരിക ബുദ്ധിജീവികളും തങ്ങളുടെ കർത്തവ്യങ്ങൾ മറക്കുകയല്ലേ എന്ന് തോന്നിപ്പോകും. പ്രശ്നങ്ങളുണ്ടാകുക സ്വാഭാവികം തന്നെ, അതെങ്ങനെ പരിഹരിക്കപ്പെടുന്നു എന്നുള്ളതാണ് പ്രധാനം. ക്രിസ്റ്റ്യൻ ബ്രദേഷ്സ് എന്ന ജോഷി ചിത്രത്തിൽ തിലകൻ തഴയപ്പെട്ടു എന്നുള്ളതാണല്ലൊ പ്രശ്നങ്ങളുടെ തുടക്കം. ആ സിനിമയുടെ നിർമ്മാതാവിനും സംവിധായകനും തങ്ങളുടെ ചിത്രത്തിൽ ആരെയൊക്കെ അഭിനയിപ്പിക്കണമെന്ന് തീരുമാനിക്കാൻ പൂർണ്ണ സ്വാതന്ത്ര്യം നിലനിൽക്കേ അഡ്വാൻസ് നൽകിയതിനുശേഷം വ്യക്തമായ കാരണങ്ങളില്ലാതെ ഒരു വ്യക്തിയുടെ തൊഴിൽ നിഷേധിക്കുന്നത് ഒരിക്കലും സമ്മതിച്ചുകൊടുക്കാൻ പറ്റാത്ത തെറ്റ് തന്നെയാണ്. തൊഴിൽ സ്വാതന്ത്ര്യം മറ്റേതുമേഖലയിലും പോലെ  കലാകാരന്മാർക്കും അവകാശപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം നേടിയെടുക്കാൻ ഒരാൾ എതുമാർഗ്ഗം സ്വീകരിക്കുന്നു എന്നുള്ളതാണ് പ്രധാനം.

സംഘടനയുടെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ടുള്ള ഒരൊത്തുതീർപ്പുതന്നെയായിരുന്നു ഏറ്റവും അഭികാമ്യം. ആദ്യം അതിനുവേണ്ടി ശ്രമിക്കാതെ ചാനലുകളിലൂടെ പ്രശ്നം ഊതിപ്പെരുപ്പിച്ചതും സ്വന്തം സംഘടനയിലെ ചേരിപ്പോരുകളെ ജനങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതും തിലകന്റെ തെറ്റ് തന്നെ. സംശയത്തിന്റെ നിഴലിൽ വ്യക്തികൾക്കെതിരേയും അരോപണങ്ങൾ ഉന്നയിക്കപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യം ആർക്കും അവകാശപ്പെട്ടതാണെങ്കിൽകൂടി അമിതാഭിപ്രായങ്ങളിലൂടെയും വ്യക്തിഹത്യയിലൂടെയും സുകുമാർ അഴിക്കോടിൻനപ്പോലുള്ള ബുദ്ധിജിവികളും തിലകനുപിന്നിൽ അണിനിരന്നു. മോഹൻലാലിനെപോലുള്ള വലിയ നടന്മാർ പോലും വാക്പയറ്റിലൂടെ സ്വന്തം വില കളഞ്ഞുകുളിച്ചില്ലേ എന്നു തോന്നിപ്പോകുന്നു. സംഘടനയിൽ നിന്നും നീതികിട്ടില്ലെന്നു തോന്നിയിട്ടാകും തിലകൻ ഒരു സന്ധി സംഭാഷണത്തിൻനപോലും മുതിരാതെ ഏകാംഗ യുദ്ധം നയിക്കുന്നത്.  അവകാശങ്ങൾ നേടാനായി മഹാനടനായ ആ മുതിർന്ന പൌരന് ഉച്ചവെയിലിൽ കാൽനടയായി സമരം നയിക്കേണ്ടിവന്ന ഗതികേടിനും പ്രബുദ്ധകേരളം സാക്ഷിയായി. ഒരുമേശയ്ക്കു ചുറ്റുമിരുന്ന് സമാധാനത്തിന്റെ ഭാഷയിൽ പറഞ്ഞു തീർക്കാവുന്ന പ്രശ്നങ്ങൾ തെരുവിലേയ്ക്ക് വലിച്ചിഷയ്ക്കണമായിരുന്നോ?

ഈ പ്രശ്നം ഒത്തുതീർപ്പിലെത്തിക്കാൻ മധ്യസ്ഥത വഹിക്കാൻ ആരെങ്കിലും മുതിരാതിരിക്കുന്നത് അപലപനീയം തന്നെ. ഇടപ്പെട്ടുകളയും എന്ന് ഭീഷണീപ്പെടുത്തിയതല്ലാതെ സംസ്ക്കാരിക മന്ത്രിയിൽ നിന്നും മറ്റൊരു നീക്കവും ശ്രദ്ധയിൽപെട്ടില്ല. കാര്യം ഒരു മേഖലയിലെ സംഘടനകൾക്കിടയിലെ പിണക്കങ്ങളാണെങ്കിൽ കൂടി കലാസ്നേഹികളായ മലയാളികളുടെയൊരു പൊതുപ്രശ്നമെന്ന നിലയിലാണിതിനെ വീക്ഷിക്കേണ്ടത്. തിലകന്റെ അഭിനയചാതുര്യം അനുഭവിച്ചറിയേണ്ട അനേകം കഥാപാത്രങ്ങൾ ഇനിയും നമുക്ക്മുന്നിലെത്താനുണ്ട്. മമ്മുട്ടിയും മോഹൻലാലും അദ്ദേഹത്തോടൊപ്പം മത്സരിച്ചഭിനയിക്കുന്ന മുഹുർത്തങ്ങൾ വെള്ളിത്തിരയിൽ കാണാൻ പ്രേക്ഷകർ ഇനിയും കാത്തിരിക്കുന്നുണ്ടെന്ന സത്യം കലാകാരന്മാർ മനസ്സിലാക്കണം. ഒരു പരിധിവരെ കലാകാരന്മാർ പൊതു സ്വത്താണെന്നകാര്യം ഓർമ്മയിലിരിക്കുന്നതും നന്നായിരിക്കും. ലോകസിനിമയുടെ സ്പന്ദനം തന്നെ തിലകനിലാകേണ്ടിയിരുന്ന അവസരങ്ങൾ തട്ടിത്തെറുപ്പിക്കപ്പെടല്ലേയെന്ന പ്രാർത്ഥനയോടെ......

======================

എല്ലാ മലയാളികൾക്കും ഐറിഷ്മലയാളത്തിലേക്കു സ്വാഗതം. നിങ്ങൾക്കു താല്പര്യം തോന്നിയേക്കാവുന്ന വാർത്തകളും സംഭവങ്ങളും നിങ്ങളിലെത്തിക്കുകയെന്ന ശ്രമമാണീബ്ലോഗിനു പിന്നിൽ. അതോടൊപ്പം തന്നെ നിങ്ങൾ അറിഞ്ഞിരിരിക്കേണ്ട ചില വെബ്സൈറ്റുകളുടെ വിവരങ്ങളും..നിങ്ങൾ പ്രസിദ്ധീകരിച്ചുകാണാൻ ആഗ്രഹിക്കുന്ന വാർത്തകൾ ഞങ്ങൾക്കയച്ചുതരൂ..അതോടൊപ്പം നിങ്ങളുടെ പ്രിയപ്പെട്ടവർക്കായ് ആശംസകളറിയിക്കൂ..കഥകൾ, കവിതകൾ, ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുകാണണമോ. അയക്കേണ്ടവിലാസം. irishmalayalam@gmail.com

അതോടൊപ്പം തന്നെ ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളെടെ അഭിപ്രായങ്ങളും നിർദ്ദേശ്ശങ്ങളും ഞങ്ങളെ അറിയിക്കുമല്ലോ..