--------------------------------------------------------------- 1 യൂറോ = 61.85രൂപ..മലയാള സിനിമ ചട്ടമ്പിനാട് 21, 22 പകൽ 11 ന് സ്റ്റില്ലൊർഗൻ ഒർലാന്റൊയിൽ.. .



Reading Problem..??..
Most of the posts in this blog are in malayalam language. To read them, you need to install any malayalam unicode fonts (Eg. AnjaliOldLipi). Also you can download Varamozhy which is a set of software that enable your computer to read and write in Malayalam. To Download VARAMOZHY Click Here

2010, മാർച്ച് 4, വ്യാഴാഴ്‌ച

ലോട്ടറിയടിച്ചോ......?



ലേഖകൻ അയർലണ്ടിലെത്തിയിട്ട് വർഷം ഏഴുതികയാറായി...ഓരോവർഷവും കുറഞ്ഞത് മൂന്നുപ്രാവശ്യമെങ്കിലും അടിയ്ക്കാറുണ്ടൊരു വിദേശ ലോട്ടറി . തുക യൂറോയിൽ പ്രിന്റ്ചെയ്തിരിക്കുന്നതുകൊണ്ട് ഏകദേശം എണ്ണാൻ കഴിഞ്ഞേക്കും . ഒറ്റ പത്ത് എന്ന്പിടിച്ചാൽ മില്ല്യൺ കഴിയും യൂറോയിൽ തന്നെ, അറുപത്തേഴുകൊണ്ടു ഗുണിച്ചാൽ കണ്ണ് കണ്ണാടിയുടെ ചില്ല് തുളച്ചതുതന്നെ. ഇത്രയും ലോട്ടറികളടിച്ചിട്ടും മോർട്ട്ഗേജടയ്ക്കാനും, ഈസികുക്ക് റൈസ് മുതൽ ടെസ്കോവാല്യു ചിക്കൻ വരെവാങ്ങാനും ലേഖകനിപ്പോഴും ചെയ്യുന്നു ആതുരസേവനം...അല്ല്ലറചില്ലറ ഓവർടൈമും..!

നമ്മളിൽ പലരും വൻ സാമ്പത്തിക തട്ടിപ്പുകൾക്കിരയാകാതിരിക്കാൻ ചില പ്രധാനകാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. മിക്ക മലയാളി സുഹൃത്തുക്കൾക്കും പോസ്റ്റിൽ ലഭിച്ചിരിക്കാനിടയുള്ളതാകും നിങ്ങളുടെ പേര് ഒരു നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയിരുന്നെന്നും, നിങ്ങളാണാ ഭാഗ്യവാനെന്നും,ഒരു വൻ തുകയുടെ ലോട്ടറിയടിച്ചെന്നുമുള്ള വിവരം. ഇരുപത്തിയഞ്ചുമുതൽ നൂറോളം മില്ല്യൺ യൂറോയുടെ ഉടമസ്ഥനാകാൻ പോകുന്ന ഭാഗ്യവാനെ അഭിനന്ദിക്കുന്നതിനോടൊപ്പം ഉടനെ ബന്ധപ്പെടാൻ സ്പെയിനിലെ ഒരു മൊബൈൽ ഫോൺ നമ്പരും നൽകിട്ടുണ്ടാകും ഏതെങ്കിലും പ്രധാന ലോട്ടറിയുടെ ലെറ്റർ പാഡിന്റെ സ്കാൻ ചെയ്ത പ്രിന്റിലെത്തുന്ന ഭാഗ്യദേവതയിൽ. പ്രലോഭനപ്പെട്ടുപോകാൻ വളരെ സാധ്യതയുള്ള ഈ കെണിയിൽ വീഴാൻ അധികസമയം വേണ്ടിവരില്ല. ഇത്രയും വലിയ തുകയുടെ ലോട്ടറിയായതുകൊണ്ട് വിഷയം മിക്കവരും രഹസ്യമായിവെയ്ക്കാനാണ് സാധ്യത. ഫോണിൽ ബന്ധപ്പെട്ടാൽ ലോട്ടറിതുക കൈമാറാനായി നിങ്ങളുടെ ബാങ്കക്കൌണ്ട് നമ്പരും ബാങ്കിന്റെ അഡ്രസ്സും മറ്റുമാകും ആദ്യം ആവശ്യപ്പെടുക. തുക എന്തുചെയ്യുമെന്നോർത്ത് കണക്കുകൂട്ടലുകളുടെ ഒരുരാത്രികഴിഞ്ഞ് ബന്ധുമിത്രാതികളിൽ ചിലർക്കെങ്കിലും ചെറുവിഹിതങ്ങൾ നൽകാമെന്നും വേണ്ടന്നുമുള്ള തീരുമാനങ്ങൾക്കൊടുവിൽ കുറച്ചുതുക ചാരിറ്റിയ്ക്കുമാത്രം നൽകാനുറപ്പിച്ച് കിലുക്കം സിനിമയിലെ ഇന്നസെന്റിനെപ്പോലെ സ്വയം ചിരിച്ചും ഇക്കിളിയായുമിരിക്കുന്ന അവസ്ഥയിൽ സ്പെയിനിൽനിന്നുമെത്തും അടുത്തൊരു കോൾ. ഭാഗ്യശാലിയുടെ ജനന തീയതിയുൾപ്പടെയുള്ള ചില സുപ്രധാന വിവരങ്ങളാകും ഇപ്രാവശ്യം ആവശ്യപ്പെടുക. അതും നൽകി കഴിഞ്ഞശേഷം ജോലിരാജിവെയ്ക്കുന്നതുമുതൽ ചാർട്ടർ വിമാനത്തിൽ ലോകം മുഴുവൻ സഞ്ചരിക്കാനുള്ള പദ്ധതികൾ വരെ മനസ്സിൽ ഗുണിച്ചും ഹരിച്ചുമിരിക്കുമ്പോഴെത്തും അടുത്ത കോൾ. ഇത്തവണ സ്പെയിനിലെ ചേട്ടൻ ആവശ്യപ്പെടുന്നത് നിങ്ങളുടെ ബാങ്കിലേയ്ക്ക് മാറ്റാൻപോകുന്ന തുകയ്ക്ക് അവിടെനൽകേണ്ട നികുതിയെക്കുറിച്ചാകും. ലോട്ടറി കമ്പനി ഈ തുക അടയ്ക്കില്ലെന്നും ഭാഗ്യശാലിതന്നെ അത് കണ്ടെത്തണമെന്നുമാകും നിർദ്ദേശം. അയ്യായിരം മുതൽ പതിനായിരം യൂറോയെങ്കിലും നികുതിയിനത്തിൽ അന്യരാജ്യത്തിലെ ഒരു ബാങ്കക്കൌണ്ടിലേയ്ക്ക് മാറ്റാൻ നിർബന്ധിതനാകുന്ന ഭാഗ്യശാലി സ്വന്തം അക്കൌണ്ടിലേയ്ക്കു വരാൻ പോകുന്ന മില്ല്യൺസിനെക്കുറിച്ചോർത്ത് കടം വാങ്ങിയെങ്കിലും ആ തുക അയച്ചേക്കാം. പിന്നെ ലോട്ടറിതുകയുടെ ഹാൻഡിലിങ്ങ് ചാർജുൾപ്പെടെ വിവിധ ആവശ്യങ്ങളുമായി സ്പെയിനിലെ ചേട്ടൻ ഭാഗ്യശാലിയെ വിടാതെ പിടികൂടും. പലപ്പോഴായി വൻതുകകൾ അയച്ചുപോയതുകൊണ്ട് ലോട്ടറിതുക വേഗം ലഭിക്കാനായി ഭാഗ്യശാലി ഈ തുകകളൊക്കെ അയച്ചുകൊണ്ടിരിക്കും...ഒരിക്കലും വരാത്ത ആ മില്ല്യൺ യൂറോ ഗുണം അറുപത്തേഴിനായി...താനൊരു നിർഭാഗ്യവാനാണെന്നു മനസ്സിലാക്കുമ്പോഴേയ്ക്കും ചിലപ്പോൾ നൽകപ്പെട്ട ബാങ്കക്കൌണ്ട് വിവരങ്ങളുപയോഗിച്ച് സ്പെയിനിലെ ചേട്ടൻ ‘ഭാഗ്യശാലി‘യുടെ അയർലണ്ട് ബാങ്കിലുണ്ടായിരുന്ന സമ്പാദ്യവും വറ്റിച്ചേക്കാം.

ഈമെയിലിലൂടെയും മറ്റും വിജയിയായെന്ന് പ്രഖ്യപിച്ചുകൊണ്ടെത്തുന്ന ലോട്ടറി ചതിക്കുഴികളിൽ വീഴാതിരിക്കുക. ഒരു ലോട്ടറി കമ്പനിയുംതന്നെ അടിച്ചതുക റിലീസ് ചെയ്യാൻ ഭാഗ്യശാലിയുടെ പക്കൽനിന്നും ഒരു തുകയും ആവശ്യപ്പെടില്ലെന്ന സത്യം മനസ്സിലാക്കുക. ബാങ്കക്കൌണ്ട് നമ്പരും ജനനതീയതിയുൾപ്പെടെയുള്ള രഹസ്യവിവരങ്ങളും ഫോണിലൂടെയോ ഈമെയിലിലൂടെയോ ആർക്കും വെളിപ്പെടുത്താതിരിക്കുക. ഇന്റർനെറ്റ് ബാങ്കിംങ്ങിന്റെ യൂസർ നെയിമും പാസ് വേർഡും ചോദിച്ചുകൊണ്ടുള്ള മെയിലുകൾക്ക് മറുപടി അയയ്ക്കരുത്. മാത്രമല്ല ഈ രണ്ട് വിവരങ്ങളും ഒരേയിടത്ത് എഴുതിസൂക്ഷിക്കുകയുമരുത്. എ ടി എം , ഷോപ്പിങ്ങ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുപയോഗിക്കുമ്പോൾ പിൻനമ്പർ രഹസ്യമായി ഡയൽ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇന്റർനെറ്റ് ഷോപ്പിങ്ങിനായി ക്രെഡിറ്റ്കാർഡുപയോഗിക്കുമ്പോൾ സുരക്ഷിതമായ പേയ്മെന്റാണ് ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുക. ബാങ്കക്കൌണ്ട് വിവരങ്ങളും, ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റും ഇട്യ്ക്കൊക്കെ സസൂക്ഷ്മം വീക്ഷിക്കുന്നത് നന്നായിരിക്കും. അമേരിക്കയിലേക്കും മറ്റും വീസാ ലഭിക്കുമെന്നും ഇതിനായി ഫീസിനത്തിൽ പല തുകകൾ ചോദിച്ചുകൊണ്ടുമുള്ള മെയിലുകളും സൂക്ഷിക്കേണ്ടതാണ്. ബാങ്കിലുള്ള വൻതുകയെ ടാക്സിൽ നിന്നും സംരക്ഷിക്കാനെന്ന വ്യാജേന താത്ക്കാലികമായി ട്രാൻസ്ഫർ ചെയ്യാനായി മറ്റുള്ളവരുടെ ബാങ്കക്കൌണ്ട് വിവരങ്ങൾ ചോർത്താനുള്ള വൻ തട്ടിപ്പുകളും നടക്കുന്നുണ്ട്.

ലോട്ടറിയിൽ താത്പര്യമുള്ളവർക്ക് അയർലണ്ടിന്റെ നാഷണൽ ലോട്ടറി, യൂറോ മില്ല്യൺ തുടങ്ങി അംഗീകൃത സ്ക്രാച്ച് കാർഡ്കളിൽ വരെ ഭാഗ്യം പരീക്ഷിക്കാവുന്നതാണ്. മറ്റ് ലോട്ടറികളുടെ മോഹവലയത്തിൽ വീണുപോകാതെ ഇത്തരം സ്ക്രാച്ച് കാർഡുകൾ സ്ഥിരം ചുരണ്ടിയാൽ വിരലറ്റത്തും നഖത്തിനുമുണ്ടാകുന്ന ചെറു തേയ്മാനമൊഴികെ ബാങ്കിലുള്ള സമ്പാദ്യത്തിൽ വൻ നഷ്ടം വരാതെ സൂക്ഷിക്കാം..ഇനി ചോദിക്കട്ടെ.. ലോട്ടറിയടിച്ചോ...?

======================

എല്ലാ മലയാളികൾക്കും ഐറിഷ്മലയാളത്തിലേക്കു സ്വാഗതം. നിങ്ങൾക്കു താല്പര്യം തോന്നിയേക്കാവുന്ന വാർത്തകളും സംഭവങ്ങളും നിങ്ങളിലെത്തിക്കുകയെന്ന ശ്രമമാണീബ്ലോഗിനു പിന്നിൽ. അതോടൊപ്പം തന്നെ നിങ്ങൾ അറിഞ്ഞിരിരിക്കേണ്ട ചില വെബ്സൈറ്റുകളുടെ വിവരങ്ങളും..നിങ്ങൾ പ്രസിദ്ധീകരിച്ചുകാണാൻ ആഗ്രഹിക്കുന്ന വാർത്തകൾ ഞങ്ങൾക്കയച്ചുതരൂ..അതോടൊപ്പം നിങ്ങളുടെ പ്രിയപ്പെട്ടവർക്കായ് ആശംസകളറിയിക്കൂ..കഥകൾ, കവിതകൾ, ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുകാണണമോ. അയക്കേണ്ടവിലാസം. irishmalayalam@gmail.com

അതോടൊപ്പം തന്നെ ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളെടെ അഭിപ്രായങ്ങളും നിർദ്ദേശ്ശങ്ങളും ഞങ്ങളെ അറിയിക്കുമല്ലോ..