
പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തും നടനുമായ എ കെ ലോഹിതദാസ് (54) ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ ഒരു സ്വകാര്യ ആസ്‌പത്രിയില്‍ വെച്ച് ഇന്നു രാവിലെ 11 മണിയോടെ അന്തരിച്ചു. രാവിലെ നെഞ്ചുവേദനയനുഭവപ്പെട്ട ലോഹിതദാസിനെ ഭാര്യയും ബന്ധുക്കളും ആലപുഴയിലെ വസതിയിൽ നിന്നും കൊച്ചി ലിസി ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷപ്പെടുത്താനായില്ല. തനിയാവർത്തനം എന്ന മികച്ച ചലച്ചിത്രത്തിന്റെ തിരക്കഥയുമായി നാടകരംഗത്തുനിന്നും സിനിമാലോകത്തെത്തിയ ലോഹിതദാസ് ഹിസ് ഹൈനെസ് അബ്ദുള്ള, ഭരതം, കിരീടം, സല്ലാപം, പാഥേയം, ആധാരം, അമരം, വാത്സല്യം, വെങ്കലം തുടങ്ങിയ അനേകം സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്ക് തൂലികചലിപ്പിച്ചു. നിരവധി പുരസ്കാരങ്ങൾ നേടിയ ഭൂതക്കണ്ണാടിയാണ് ലോഹിതദാസ് ആദ്യം സംവിധാനം ചെയ്ത ചിത്രം. അരയന്നങ്ങളുടെ വീട്, കന്മദം, ജോക്കർ, നിവേദ്യം, സൂത്രധാരൻ തുടങ്ങി പതിനൊന്നു ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഉദയനാണ് താരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്നീ ചിത്രങ്ങളിൽ ലോഹിതദാസ് അഭിനയിച്ചു. കസ്തൂരിമാൻ എന്ന ചിത്രം നിർമ്മിച്ച ലോഹിതദാസ് അടുത്തകാലത്തായി സാമ്പത്തിക പ്രതിസന്ധിയിലാകുകയും മലയാള സിനിമയിൽ ഒരു തിരിച്ചുവരവിനായി വീണ്ടും സജീവമാകാൻ തുടങ്ങുമ്പോഴാണ് അദ്ദേഹം രംഗം വിടേണ്ടിവന്നത്. ജീവിതത്തിലെ ആത്മനൊമ്പരങ്ങളെ തനിമയോടെ അവതരിപ്പിക്കുന്ന കഥകളിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയത്തിൽ എക്കാലവും കുടിയിരിക്കുന്ന കഥാപാത്രങ്ങളെ സംഭാവനചെയ്ത അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ് എന്ന എ കെ ലോഹിതദാസ് ഇനി അദ്ദേഹത്തിന്റെ സിനിമകളിലൂടെ പ്രേക്ഷകമനസ്സിൽ എന്നും ജീവിച്ചിരിക്കും...ആദാരാഞ്ജലികളോടെ...