
ന്യൂമോണിയ ബാധയേത്തുടര്‍ന്നു പുനെയിലെ ജഹാംഗീര്‍ ആശുപത്രിയിലായിരുന്ന വിശ്വകഥാകാരി കമലാസുരയ്യ (77) വിടവാങ്ങി. ഏറെനാളായി പ്രമേഹരോഗത്തിനു ചികില്‍സയിലായിരുന്ന കമല ഒരു മാസമായി വെന്റിലേറ്ററിലായിരുന്നു.ശ്വാസതടസത്തേത്തുടര്‍ന്ന് ഏപ്രില്‍ 17നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ ഭൗതികശരീരം സാംസ്‌കാരിക ബന്ധുക്കളോടൊപ്പം മന്ത്രി എം.എ. ബേബി പുനെയിലെത്തി ഏറ്റുവാങ്ങി .ഇന്നലെ രാത്രി എട്ടു മണിയോടെ നവിമുംബൈയിലെ കേരളാ ഹൗസില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചു. ഇന്നു രാവിലെ അഞ്ചരയോടെ ഭൗതിക ശരീരം മുംബൈയില്‍ നിന്നും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും. ആരാധകര്‍ക്ക് അന്ത്യാഞ്‌ജലിയര്‍പ്പിക്കാന്‍ അവരുടെ മൃതദേഹം കൊച്ചിയിലും, തൃശ്ശൂരിലും ആലപ്പുഴയിലും കൊല്ലത്തും തിരുവനന്തപുരത്തും പൊതുദര്‍ശനത്തിന്‌വെയ്ക്കും. അമ്മ ഒടുവില്‍ സ്വീകരിച്ച മതവിശ്വാസപ്രകാരം അന്ത്യകര്‍മങ്ങള്‍ നടത്താനാണ് തങ്ങളുടെ ആഗ്രഹമെന്ന് മക്കള്‍ അറിയിച്ചു.കമലാദാസും മാധവിക്കുട്ടിയും സുരയ്യയുമൊക്കെയായി ഓരോ മലയാളിയുടെയും മനസ്സിനെ അനുഭൂതിസാന്ദ്രമാക്കിയ കഥാകാരിയുടെ കബറടക്കം ചൊവ്വാഴ്‌ച രാവിലെ എട്ടു മണിക്ക് പാളയം ജുമാഅത്ത് പള്ളി കബര്‍സ്‌താനില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. അനവധി പുരസ്ക്കാരങ്ങൾ നേടിയ മാധവിക്കുട്ടി 1984ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിനു നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ് ഓഫ് ലസ്‌റ്റ്, ദ ഡിസന്റന്‍സ്, ഓള്‍ഡ് പ്ലേ ഹൗസ്, കളക്‌റ്റഡ് പോയംസ്,ഒറ്റയടിപ്പാത, നീര്‍മാതളം പൂത്തകാലം, കവാടം, എന്റെ ചെറുകഥകള്‍, ചേക്കേറുന്ന പക്ഷികള്‍, നഷ്‌ടപ്പെട്ട നീലാംബരി, എന്റെ കഥ, എന്റെ സ്‌നേഹിത അരുണ, ചുവന്ന പാവാട, നെയ്‌പായസം, തണുപ്പ്, ഹംസധ്വനി തുടങ്ങിയവ മാധവിക്കുട്ടിയുടെ പ്രധാനകൃതികളാണ്. പ്രശസ്‌ത കവയിത്രി ബാലാമണിയമ്മയുടേയും മാതൃഭൂമി മുന്‍ മാനേജിംഗ് എഡിറ്റര്‍ വി.എം.നായരുടേയും മകളായി 1932 മാര്‍ച്ച് 31 നു പാലക്കാട്ടെ പുന്നയൂര്‍ക്കുളത്തു നാലപ്പാട്ട് തറവാട്ടിലാണു പിന്നീടു കമലാ സുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ ജനനം. പരേതനായ മാധവദാസാണ് ഭര്‍ത്താവ്. മക്കള്‍: എം.ഡി. നാലപ്പാട്ട്, ചിന്നന്‍ ദാസ്, ജയസൂര്യ ദാസ്.