
2007 ഫെബ്രുവരി മുതൽ ഗ്രീൻ കാർഡിൽ അയർലണ്ടിലെത്തിയ ഇന്ത്യയുൾപ്പെടെയുള്ള യൂറോപ്യൻ മേഖലയിലല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധജോലിക്കാർക്ക് രണ്ടുവർഷങ്ങൾക്ക് ശേഷം ദീർഘകാല റെസിഡൻസിയ്ക്ക് അപേക്ഷിക്കാമെന്നാണ് നിയമം. എന്നാൽ ഈ നിയമം പ്രാബല്യത്തിൽ എത്താൻ ഇനിയും കാലതാമസം ഉള്ളതിനാൽ, ഗ്രീൻ കാർഡ് പുതുക്കാൻ സമയമടുത്തവർക്ക് താത്ക്കാലികമായി ഒരുവർഷം കാലാവധിയുള്ള സ്റ്റാമ്പ് 4 പദവിയ്ക്കായി അപേക്ഷിക്കാവുന്നതാണ്. ഗ്രീൻ കാർഡിന്റെ കാലാവധി കഴിയുന്നതിന് 2 ആഴ്ച മുമ്പ് മുതൽ അടുത്തുള്ള ഗാർഡാ നാഷണൽ ഇമ്മിഗ്രേഷൻ ബ്യൂറോയിൽ ഇതിനായി ബന്ധപ്പെടാം. പാസ്പോർട്ട് ,ഗാർഡാ കാർഡ്, ഗ്രീൻ കാർഡ് പെർമ്മിറ്റ്, പി 60, അവസാന മൂന്ന് ശമ്പള സ്ലിപ്പുകൾ, 150 യൂറോ (ക്രെഡിറ്റ് കാർഡിൽ) എന്നിവയാണ് അപേക്ഷയോടൊപ്പം വേണ്ടുന്നത്. ആദ്യ ഗ്രീൻ കാർഡിൽ പറഞ്ഞിട്ടുള്ള ശമ്പളത്തിലെങ്കിലുമാകണം അപേക്ഷകൻ തൊഴിൽചെയ്യുന്നത് എന്നത് പ്രധാനമാണ്. പാർലമെന്റിന്റെ പരിഗണനയിലിരിക്കുന്ന പുതിയ ഇമ്മിഗ്രേഷൻ ബിൽ പ്രാബല്യത്തിൽ വരുമ്പോൾ രണ്ടുവർഷം പൂർത്തിയായ ഗ്രീൻ കാർഡുകാർക്ക് ദീർഘകാല റെസിഡൻസിയ്ക്ക് അപേക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷ. അയർലണ്ടിന്റെ ഇപ്പോഴത്തെ തൊഴിൽ-സാമ്പത്തിക മാന്ദ്യം പുതിയ ബില്ലിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന അനേകം വിദേശ വിദഗ്ദ്ധജോലിക്കാരെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.