
2007 ഫെബ്രുവരി തൽ അയർലണ്ടിൽ നിലവിൽ വന്ന ഗ്രീൻകാർഡ് സമ്പ്രദായത്തിൽ ജോലിചെയ്യുന്ന എൻജിനീയർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള വിദഗ്ദ്ധജോലിക്കാരിൽ കുറെയേറെപ്പേർക്ക് ആഗോളസാമ്പത്തിക മാന്ദ്യത്തോടനുബന്ധിച്ച് ജോലിനഷ്ടപ്പെടുകയോ, താമസിയാതെ ജോലിസംബന്ധമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതോ ആയ അവസ്ഥ സംജാതമായിരിക്കുന്നു. ഇങ്ങനെ റിഡൻഡന്റായി ജോലിനഷ്ടപ്പെടുന്നവർ കൃത്യം 3 മാസത്തിനുള്ളിൽ അതേ വിഭാഗത്തിലെ മറ്റൊരു ജോലിയോഫറുമായി തൊഴിൽ കാര്യാലയത്തെ സമീപിച്ചാൽ ഗ്രീൻകാർഡ് പുതുക്കൽ അനുഭാവപൂർവം പരിഗണിക്കപ്പെടും. തൊഴിൽ നഷ്ടപ്പെട്ട സാഹചര്യം വിവരിച്ചുകൊണ്ടുള്ള ലെറ്റർ, പാസ്പോർട്ടിന്റേയും ഗാർഡാ കാർഡിന്റേയും കോപ്പി, കഴിഞ്ഞ തൊഴിൽദാദാവിൽനിന്നും റിഡൻഡൻസി വിവരങ്ങളടങ്ങിയ ലെറ്റർ, 3 മാസത്തിനുള്ളിൽ ലഭിച്ച P45, കൈവശമുള്ള ജോലിപെർമിറ്റ് എന്നിവ പുതിയ ഗ്രീൻകാർഡിനുള്ള അപേക്ഷാഫോമിനോടൊപ്പം നൽകി നിർദ്ദിഷ്ട ഫീസുമായി തൊഴിൽകാര്യാലയത്തെ സമീപിക്കണം. 3 മാസത്തിന്നുള്ളിൽ പുതിയൊരു ജോലികണ്ടുപിടിക്കാനായില്ലെങ്കിൽ രാജ്യം വിടേണ്ടിവരുമെന്നും അയർലണ്ട് തൊഴിൽ കാര്യാലയത്തിന്റെ വെബ്സൈറ്റിൽ പറയുന്നുണ്ട്. അയർലണ്ടിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ 3 മാസത്തിനുള്ളിൽ പുതിയൊരു തൊഴിൽ കണ്ടുപിടിക്കൽ ദുഷ്ക്കരമാണ്. അന്യരാജ്യങ്ങളിൽ ഉയർന്ന ശമ്പളമുണ്ടായിരുന്ന ജോലി രാജിവച്ച് , ദീർഘകാല റെസിഡൻസിയുൾപ്പെടെയുള്ള വാഗ്ദാനങ്ങളടങ്ങിയ ഗ്രീൻകാർഡിൽ അയർലണ്ടിലെത്തി ഇപ്പോൾ ഭാവിയിരുളിലായ അനേകം വിദേശികളുടെ സംരക്ഷണത്തിനായി മലയാളി അസ്സോസിയേഷനുകളും മറ്റും നിയമപരമായ മാർഗ്ഗങ്ങളിലൂടെ ഗവണ്മെന്റിൽ ശക്തിചെലുത്തേണ്ടിയിരിക്കുന്നു.