ആസ്ട്രേലിയക്കെതിരെ നടന്ന അവസാന ടെസ്റ്റിൽ സെഞ്ച്വറിയും വിജയവും നേടിയ ദക്ഷിണാഫ്രിക്കൻ താരം ജാക് കാലിസ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവ റെക്കോറ്ഡുകളിലേക്കാണു കുതിക്കുന്നത്. 131 ടെസ്റ്റുകളിൽ നിന്നായി 10277 റൺസാണ് 54.66 ആവറേജിൽ ഈ ആഫ്രിക്കൻ താരം വാരികൂട്ടിയിരിക്കുന്നത്. ഇതിൽ 31 സെഞ്ച്വറികളും 51 അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നു. റൺ വേട്ടയിൽ കാലിസിനു മുന്നിൽ സച്ചിൻ(12589), ലാറ(11953), അലൻ ബോഡർ(11174), പോണ്ടിംഗ്(10960), സ്റ്റീവ് വോ(10927), ദ്രാവിഡ്(10583) എന്നിവർ മാത്രം. ഇതിൽ സച്ചിൻ, പോണ്ടിംഗ് എന്നിവരെ ഒഴികെ ബാക്കിയെല്ലാവരെയും ഈ താരം പിന്നിലാക്കുന്ന കാലം വിദൂരമല്ല. റൺസ്സുകളുടെ എണ്ണമല്ല വാസ്തവത്തിൽ ഈ കളിക്കാരനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. എന്നാൽ 10,000 ലേറെ റൺസുകളോടൊപ്പം അദ്ദേഹം നേടിയിരിക്കുന്ന 258 വിക്കറ്റുകൾ കൂടിയാണ്. 10,000 റൺസ്സും 250 വിക്കറ്റും എന്ന നേട്ടത്തിലേക്കു സമീപഭാവിയിൽ മറ്റൊരു കളിക്കാരൻ എത്തിച്ചേരാൻ സാധ്യത കാണുന്നില്ല.
വൺഡേയിലെ കാലിസ്സിന്റെ റക്കോഡുകൾ ഇപ്രകാരമാണ്. 273 മത്സരങ്ങളിൽ നിന്നായി 10057 റൺസ് 45.3 ആവറേജിൽ ഈ താരം നേടിയിരിക്കുന്നത്. ഇതിൽ 16 സെഞ്ച്വറികളും 71 അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നു. കാലിസിനു മുന്നിൽ സച്ചിൻ(16684), ജയസൂര്യ(13151), ഇൻസമാം(11739), പോണ്ടിംഗ്(12365), ഗാംഗുലി(11363), ദ്രാവിഡ്(10585), ലാറ(10405), എന്നിവർ മാത്രം. കൂടാതെ 246 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ടീ താരം.
ഒരു ബോക്സിംഗ് താരത്തിന്റെ തലയെടുപ്പോടെ ക്രീസിലേക്കിറങ്ങുന്ന ഈ ആഫ്രിക്കൻ ഓൾറൌൻഡറുടെ ബാറ്റിനും ബോളുകൾക്കും മുന്നിൽ ഇനിയുമേറെ ക്രിക്കറ്റ് റെക്കോർഡുകൾ നിലംപതിക്കാനാണു സാധ്യത.
