
ഇന്ത്യയിൽ പ്രാദേശിക ക്രിക്കറ്റ് വളർത്താനെന്ന അവകാശവാദവുമായി ആരംഭിച്ച ഐ.പി.എൽ രണ്ടാം പാദ മത്സരങ്ങൾ ദക്ഷിണാഫ്രിക്കയിൽവച്ചു നടത്താൻ തീരുമാനിച്ചു. ഇലക്ഷൻ കാലമായതിനാൽ ഈ മത്സരങ്ങൾ നടത്താൻവേണ്ട സുരക്ഷാക്രമീകരണങ്ങൾ ഇന്ത്യയിൽ ബുദ്ധിമുട്ടായെക്കും എന്നതാണ് ദക്ഷിണാഫ്രിക്കയിലേക്കുപോകാൻ കാരണമായി പറയുന്നത്.
ഇനി ലോകകപ്പു ഇന്ത്യയിൽവെച്ചുവേണ്ടായെന്നു പറയുന്ന സായിപ്പന്മാരോടെന്തു പറയും നമ്മുടെ ക്രിക്കറ്റേമാന്മാർ. ഈ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും മാറ്റുകവഴി ഇവർ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവരും അല്ലാത്തവരുമായ എല്ലാ ഇന്ത്യക്കാരേയും അപമാനിച്ചിരിക്കുകയാണ്. പ്രീമിയർ ലീഗും, വിമത ലീഗും വന്നതോടെ എതാണ്ടു 365 ദിവസവും ഇന്ത്യയിൽ മത്സരങ്ങളുണ്ട്. പല സ്വദേശ വിദേശ താരങ്ങൾ പങ്കെടുക്കുന്ന ഈ മത്സരങ്ങളുടെ സുരക്ഷ തീർച്ചയായും ഒരു വെല്ലുവിളിയാണ്. പ്രത്യേകിച്ചു പാക്കിസ്ഥാനിലെ സംഭവങ്ങളുടെ വെളിച്ചത്തിൽ. അതിന്നിടയിലാണു പൊതു തിരഞ്ഞെടുപ്പു വന്നിരിക്കുന്നത്. ക്രിക്കറ്റിനേക്കാൾ പ്രാധാന്യം എന്തുകൊണ്ടും തെരെഞ്ഞെടുപ്പിനു തന്നെയാണ്. ഇതിനിടയിൽ മത്സരങ്ങൾനടത്തുകയെന്നതു വലിയൊരു സാഹസമായിരിക്കും. ഒരു സർക്കാറും അതിനു തുനിയുമെന്നു തോന്നുന്നില്ല. പാക്കിസ്ഥാൻ സമാനമായ സംഭവങ്ങൾ ഈ മത്സരങ്ങൾക്കിടയിലുണ്ടായാൽ അതുമൂലം തിരഞ്ഞെടുപ്പിലുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെന്തായിരിക്കും. ഇതു വെറും രാഷ്ട്രീയം മാത്രമല്ല. തിരഞ്ഞെടുപ്പുവേളയിൽ ഇത്തരം ഒരു മാമാങ്കം അതിസാഹസികമാണെന്നേ പറയാനാകൂ. ക്രിക്കെറ്റേമാന്മാർ ഈ മത്സരങ്ങൾ മാറ്റിവെക്കണമായിരുന്നു. അതു മാത്രമായീരുന്നു അവർ ചെയ്യേണ്ടിയിരുന്നത്. ഈ മത്സരങ്ങൾ വിദേശമൈതാനങ്ങളിൽ വച്ചു നടത്തപ്പെട്ടാൽ ഫലത്തിൽ ഭാവിയിൽ ഇവിടെ വച്ചു നടത്തപ്പെടേണ്ട പല മത്സരങ്ങളും ഇല്ലാതാക്കുകയാവും ഫലം..